ഞാൻ എന്റേത് എനിക്കുള്ളത്

മഹാദേവ ക്ഷേത്രത്തിൽ അത്താഴ പൂജ കഴിഞ്ഞ് മേൽശാന്തിയും ശാന്തിക്കാരും മറ്റും നട അടച്ച് പോയി. ആ സമയത്ത് പാർവ്വതി ദേവി മഹാദേവനോട് പറഞ്ഞു, നമ്മുടെ കുട്ടികൾ പറയുന്നു അവർക്ക് കുറച്ചു നാളായിട്ട് ഈ ശ്രീലകത്ത് ഇരുന്ന് മടുത്തു… പുറത്തൊക്കെ പോയി ചുറ്റി അടിച്ച് വരണം എന്ന്…ഭഗവാൻ പറഞ്ഞു, നാളെ അത്താഴ പൂജ കഴിഞ്ഞാൽ പോകാം,ഭക്തരൊന്നും ഇല്ലല്ലോ നേരത്തെ നടയടക്കും.
പാർവ്വതി ഈ വാർത്ത മക്കളായ ഉണ്ണിഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ, എന്നിവരോട് പറഞ്ഞു. എല്ലാവർക്കും സന്തോഷമായി. പിറ്റെന്നാൾ പുറപ്പെടാൻ തയ്യാറായി നിൽക്കുന്ന മക്കളോട് പാർവ്വതി ദേവി പറഞ്ഞു മക്കളെ പുറമേ ധാരാളം വസ്തുക്കൾ കാണും എല്ലാം സ്വർണ്ണ സോപാനം,വാതിൽമാടം പിച്ചളയിൽ, സ്വർണ്ണ കൊടിമരം, അങ്ങനെ അനവധി ഉരുപ്പടികൾ-അന്യരുടെ വസ്തുക്കളാണ്, നിന്റെ അച്ഛന്റെ വകയൊന്നും അല്ല,അതിൽ തൊടരുത് വികൃതി കാണിക്കരുത്, ആവശ്യമില്ലാതെ വാശി പിടിക്കരുത് എന്നൊക്കെ പറഞ്ഞ് ശട്ടംക്കെട്ടിയാണ് പുറപ്പെടുന്നത്.
സ്വാതന്ത്ര്യം കിട്ടിയ ഈ കുട്ടികളിൽ അനുജനായ അയ്യപ്പൻ പെട്ടെന്ന് ക്ഷേത്രത്തിന് വെളിയിലിറങ്ങി നോക്കിയപ്പോൾ കൊടിമരം കണ്ടു. എന്നാൽ ശരി അതിൽ കയറി ഗ്രാമഭംഗി ആസ്വദിക്കാം എന്ന് വിചാരിച്ച് അതിൽ കയറി.
അപ്പോഴേക്കാണ് മഹാദേവനും പാർവ്വതിയും സുബ്രഹ്മണ്യനും തൊട്ടുപിന്നാലെ ക്ഷേത്രത്തിന് പുറത്ത് എത്തിയത്. അപ്പോ രണ്ട് മക്കളെ കാണാനില്ല എന്ന് മനസ്സിലാക്കിയ അവർ ഉറക്കെ ഇവരെ വിളിച്ചു. അപ്പോൾ ഒരാൾ കൊടിമരത്തിന്റെ മുകളിൽ നിന്നും അടുത്ത ആൾ ഗണപതി ക്ഷേത്രത്തിലെ കലവറയിലെ പാത്രങ്ങൾക്കിടയിൽ നിന്നും വിളി കേൾക്കുന്നു.
പാർവ്വതി ദേവി ദേഷ്യപ്പെട്ട് പറഞ്ഞു, നിങ്ങളോട് ഞാൻ ആദ്യമേ പറഞ്ഞില്ലേ മറ്റൊരാളുടെ വസ്തുക്കൾ എടുത്ത് കളിക്കരുത് എന്ന്. എന്നിട്ട് എന്താ ഇങ്ങനെ കാണിച്ചത്.ഉടനെ കൊടിമരത്തിൽ നിന്ന് താഴെ ഇറങ്ങിയ അയ്യപ്പൻ ചോദിച്ചു, അമ്മേ ഈ കൊടിമരം അച്ഛന്റെ അല്ലേ അതിലല്ലേ ഞാൻ കയറി കളിച്ചത് പിന്നെ എന്തിന് അമ്മ എന്നെ വഴക്ക് പറഞ്ഞു.
ദേവി പറഞ്ഞു, മോനേ നോക്കൂ കൊടിമരത്തിന്റെ താഴെ എന്താ എഴുതി വച്ചിരിക്കുന്നത്.
അയ്യപ്പൻ പറഞ്ഞു,

"ആനാംപറമ്പ് മന ഹരിദത്തൻ നമ്പൂതിരി വക"

പിന്നെ എങ്ങനെ ഇത് നിന്റെ അച്ഛന്റെ വസ്തുവാകും, അദ്ദേഹത്തിനാകെ ആ ജടയും,പുലിത്തോലും,നാഗ മാലയും ഭസ്മം അതും ചുടുകാട്ടിൽ നിന്ന് ഉള്ളത്,ഇതല്ലാതെ വേറെന്താ ഉള്ളത്-ദേവി ചോദിച്ചു.
അയ്യപ്പൻ തല താഴ്ത്തി.
ഇത്രയും ആയപ്പോഴെക്കും ഉണ്ണി ഗണപതി കലവറയിൽ നിന്ന് പുറത്ത് വന്നു. ദേവി മുകളിലേ ചോദ്യം ഗണപതിയോടും ചോദിച്ചു.
ഗണപതി കലവറയിൽ പോയി നോക്കിയപ്പോൾ വലിയ പാത്രങ്ങൾ മുതൽ ചെറിയ ചട്ടുകം വരെ യുള്ള സാധനങ്ങളിൽ ഇന്നഇന്ന ആളുകൾ വക എന്ന് രേഖപ്പെടുത്തിയിരിക്കുന്നു.
ഈ വിവരം ഗണപതി അമ്മയോട് പറഞ്ഞു.
ഇതു കേട്ട് ചിരിച്ച് മഹാദേവൻ പാർവ്വതിയോട് ചോദിച്ചു. അതായത് ഇവിടെ എന്റെതായി എന്റെ കുട്ടികൾക്ക് കൊടുക്കാൻ ഒന്നും ഇല്ല അല്ലേ...?
ദേവി ഒന്ന് മൂളി.
ഇത് കേട്ടപ്പോൾ സുബ്രഹ്മണ്യന് സഹിച്ചില്ല. കരച്ചിലിന്റെ വക്കിലെത്തിയ അദ്ദേഹം അച്ഛനോട്, അച്ഛനല്ലേ  പറയാറ് ഈ കാണുന്ന  പ്രപഞ്ചത്തിന്റെയും യജമാനൻ, അങ്ങാണ് സംഹാര മൂർത്തി.പിന്നെ ഇതെല്ലാം എങ്ങനെ അന്യരുടെ വസ്തുക്കൾ ആയി.
പാർവ്വതി ദേവി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, ക്ഷണിക ജന്മം ലഭിച്ച സ്വാർഥിയായ മനുഷ്യൻ വിചാരിക്കുന്നത് ഞാനെന്നും എനിക്കെന്നും എന്റെതെന്നും മാത്രമാണ്, ഭഗവത് കൃപയാൽ ലഭിച്ച വസ്തുക്കളിലും പണക്കൊഴുപ്പിലും അവൻ അഹങ്കരിക്കുന്നു,ഭഗവാനെ മറന്ന് അവൻ ഓടുന്നു പേര് എടുക്കാൻ. കലികാലത്തെ ഭക്തി ഇത്രയും ആണെന്ന് എന്റെ ഉണ്ണികൾക്ക് മനസിലായില്ലേ നമുക്ക് പോകാം.

ഇദം ന മമ:

Comments

Popular posts from this blog

തസ്ക്കരാണാംപതയെ നമഃ

ഉറക്കം

പ്രേമസഗീതം