തസ്ക്കരാണാംപതയെ നമഃ

ശൈവതത്വത്തിൽ ആരാധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന,സംഹാരമൂർത്തിയായ ശ്രീമഹാദേവന്റെ അതിവിശിഷ്ടമായ ശ്രീരുദ്രത്തിലെ ഒരു മന്ത്രം ആണ് "തസ്ക്കരാണാംപതയെ നമഃ" എന്നത്. കള്ളന്മാരുടെ കള്ളനായിരിക്കുന്ന ശിവന് നമസ്കാരം. 

ലോകത്ത് ഏറ്റവും അധികം ആരാധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന മൂർത്തികളിൽ മഹാദേവന്റെ സ്ഥാനം ഏറ്റവും മുൻപിൽ ആണ് എന്നാൽ ആ ആരാധന അനുകരണത്തിലേക്കും- അനുകരണം ആയിത്തീരലിലേക്കും മാറുമ്പോൾ ഉള്ളഅവസ്ഥയിൽ ഏറ്റവും പിറകിൽ ആണ് അദ്ദേഹത്തിന്റെ സ്ഥാനം. പാലാഴി വാസനായ അനന്തശായി, പീതാംബര പട്ടുടുത്തു വനമാല, ശംഖ ചക്ര ഗദാ പത്മ ധാരിയായ കൗസ്തുഭം അണിഞ്ഞു, ലക്ഷിസമേതനായി അധിവസിക്കുന്ന ശ്രീമഹാവിഷ്ണു ഏവരുടെയും ആരാധ്യ പുരുഷൻ ആണ്. എന്നാൽ മരവുരി, ചുടല ഭസ്മം ധരിച്ചു നാഗങ്ങളെ ഭൂഷണമായി അണിഞ്ഞു ജഡാവൽകലധാരിയായ- ശ്മശാനത്തിൽ താണ്ഡവം ആടുന്ന ആ മൂർത്തിയെ അനുകരിക്കാൻ ആർക്കും താല്പര്യം ഇല്ല. 

എന്നാൽ പാലാഴിമഥനത്തിൽ സകലതും നശിപ്പിക്കാൻ ശേഷിയോടെ വന്ന കാളകൂടം വിഷം- ലോക സംരക്ഷണാർത്ഥം പാനം ചെയ്ത് നീലകണ്ഠൻ എന്ന പേര് സ്വീകരിച്ച മഹാദേവൻ സംഹാരമൂർത്തിയായി വിളങ്ങുന്നു.

കേരളത്തിൽ മഹാദേവക്ഷേത്രങ്ങൾ ഇല്ലാത്ത ഗ്രാമങ്ങൾ കുറവാണ്. വടക്കുംനാഥൻ, പെരുവനത്തപ്പൻ, വൈക്കത്തപ്പൻ, കൊട്ടിയൂരപ്പൻ, ഏറ്റുമാനൂരപ്പൻ, തൃപ്രങ്ങോട്ടപ്പൻ, എറണാകുളത്തപ്പൻ, തൃക്കൂരപ്പൻ, കൊട്ടിയൂരപ്പൻ, മമ്മിയൂരപ്പൻ, തിരുവാലൂരപ്പൻ, ചിറക്കടവ് മഹാദേവൻ എന്ന് തുടങ്ങി അനവധി മഹാദേവക്ഷേത്രങ്ങൾ ഇവിടെ കാണാം. 

മഹാവിഷ്ണുവിന് സാളഗ്രാമം പോലെ ദേവിക്ക് ശ്രീചക്രം പോലെ ശിവതത്വത്തിൽ ശിവലിംഗം ആണ് ആരാധിച്ചു  വരുന്നത്. 

മഹാദേവന്റെ മന്ത്രം പഞ്ചാക്ഷരം ആകുന്നു അത് പോലെ പഞ്ചബ്രഹ്മന്മാർ -ഇശാനൻ, തത്പുരുഷൻ, അഘോരൻ, വാമദേവൻ, സദ്യോജാതൻ, എന്നിങ്ങനെ 5 മുഖങ്ങളോട് കൂടിയവൻ ആകുന്നു ശിവൻ എന്ന് പറയപ്പെടുന്നു.ഇതിൽ തത് പുരുഷ മന്ത്രം രുദ്ര ഗായത്രി എന്നറിയപ്പെടുന്നു. 

'തത് പുരുഷായ വിദ്മഹേ മഹാദേവായ ധീമഹി തന്നോ രുദ്ര പ്രചോദയാത്'
ഗായന്തം ത്രായതേ ഇതി ഗായത്രി..പാടുന്നവനെ സംരക്ഷിക്കപ്പെടുന്നു എന്ന് പറയാം. 

ലിംഗം എന്നപദത്തിന് പ്രതീകം എന്നാണ് അർഥം ക്ഷേത്രങ്ങളിലെ ശിവലിംഗങ്ങളിൽ നമുക്ക് കാണാവുന്ന ഭാഗം ശിവനെയും, അദൃശ്യപീഠഭാഗം വിഷ്ണുവിനെയും, അതിന്നടിയിലെ ഭാഗം ബ്രഹ്മാവിനെയും സൂചിപ്പിക്കുന്നു. അത് കൊണ്ടാണ് ശിവക്ഷേത്രത്തിൽ തൃമൂർത്തി ചൈതന്യം കുടികൊള്ളുന്നു എന്ന് പറയുന്നത്.

കേരളത്തിൽ മഹാദേവനെ(ശിവനെ) അനവധി ഭാവത്തിൽ ആരാധിച്ചു  വരുന്നു. ശിവപ്രതിഷ്ഠകൾക്ക് പുറമെ സദാശിവൻ, മൃത്യുഞ്ചയൻ, ദക്ഷിണാമൂർത്തി, ശങ്കരനാരായണൻ, അഘോരൻ, നീലകണ്ഠൻ, ചന്ദ്രശേഖരൻ, ശ്രീകണ്ഠൻ, ഉമാമഹേശ്വരൻ, നടരാജൻ, സ്ഥാണുമലയൻ, അന്തിമഹാകാളൻ, കിരാതമൂർത്തി, എന്നിങ്ങനെ അനവധി മൂർത്തി സങ്കൽപ്പങ്ങളെ പ്രതിഷ്ഠിച്ചാരാധിച്ചു വരുന്നു.

ദക്ഷിണാഭിമുഖനായി ജ്ഞാനോപദേശം നൽകുന്ന ശിവനാണ് ദക്ഷിണാമൂർത്തി, ശുകപുരം ഗ്രാമത്തിലെ ദക്ഷിണാമൂർത്തി ക്ഷേത്രം പ്രസിദ്ധം. വില്ലാളി വീരനായ അർജുനനെ പരീക്ഷിക്കുന്നതിനായി കാട്ടാള രൂപമെടുത്ത ശിവസ്വരൂപമാണ് കിരാതമൂർത്തി അഥവാ വേട്ടേക്കരൻ അല്ലെങ്കിൽ വേട്ടയ്ക്കൊരുമകൻ. ബാലുശേരി കോട്ട വേട്ടക്കൊരുമകൻ ക്ഷേത്രം, തൃശൂർ തൈക്കാട്ട് മൂസിന്റെ പരദേവതാ ക്ഷേത്രത്തിൽ ആരാധിച്ചു വരുന്ന തേവാരമൂർത്തി - സന്താനമൂർത്തിയായി ആരാധിച്ചു വരുന്നു, കളമെഴുത്ത്പാട്ട്-നാളികേരം ഉടയ്ക്കൽ എന്നിവ പ്രധാന വഴിപാടുകൾ ആകുന്നു.

തിരുവിഴ ക്ഷേത്രത്തിൽ ശിവനെ നീലകണ്ഠനായി ആരാധിച്ചു വരുന്നു, കാളകൂടം പാനം ചെയ്ത് നീലകണ്ഠനായ മഹാദേവൻ നീലേശ്വരൻ ആയി കാസർഗോഡ് അറിയപ്പെടുന്നു. 

ഏറ്റുമാനൂർ ശിവൻ അഘോര മൂർത്തിയാണ്. ഘോരൻ അല്ലാത്തവൻ(സൗമ്യൻ) എന്നർത്ഥം ഉണ്ട്. ഭക്തന്മാർക്ക് സൗമ്യനും ദുഷ്ടർക്ക് ഘോരനും എന്നനുമാനിക്കാം.

തളിപ്പറമ്പ് കാഞ്ഞിരങ്ങാട്ട് വൈദ്യനാഥനായും, തൃപ്രങ്ങോട്ട് മാർക്കണ്ഡേയനെ രക്ഷിച്ച കാലസംഹാരമൂർത്തിയായും, ചിറക്കടവിൽ ശങ്കരനാരായണ മൂർത്തിയായും മഹാദേവനെ ആരാധിച്ചു വരുന്നു. 

തൃക്കടവൂരിൽ മൃത്യുഞ്ജയൻ ആയും, വൈക്കത്ത് രാവിലെ - ദക്ഷിണാമൂർത്തിയും, ഉച്ചയ്ക്ക് - കിരാതമൂർത്തിയും,വൈകിട്ട് - പാർവതീ സമേതനായ പരമേശ്വരൻ ആയും ജ്ഞാന- വിജയ- സിദ്ധി നൽകി അന്നദാന പ്രഭുവായി വാഴുന്നു.

ഏറ്റവും പ്രാചീന ക്ഷേത്രങ്ങളിൽ ഒന്നായ മാവേലിക്കര കണ്ടിയൂർ മഹാദേവക്ഷേത്രത്തിൽ അനവധി ഭാവത്തിൽ പ്രതിഷ്ഠകൾ നടത്തിയിരിക്കുന്നു. 

മഹാകവി കാളിദാസന്റെ രഘുവംശം ആദ്യ ശ്ലോകം 

"വാഗർത്ഥാവിവ സംപൃക്തൗ
വാഗർത്ഥപ്രതിപത്തയെ 
ജഗതഃ പിതാരൗ വന്ദേ
പാർവ്വതീപരമേശ്വരൗ"

കുംഭമാസത്തിലെ ശിവരാത്രി, ധനുമാസത്തിലെ തിരുവാതിര, വൃശ്ചികത്തിലെ കൃഷ്ണാഷ്ടമി എന്നി ദിവസങ്ങൾ മഹാദേവന് പ്രിയപ്പെട്ടവ ആകുന്നു. 

ധാര, അഭിഷേകം,കൂവളമാല, 108 കൂവളം കൊണ്ട് പുഷ്പാഞ്ജലി, കൂവളം കൊണ്ട് പൂമൂടൽ, എന്നിവ പ്രധാന വഴിപാടുകളിൽ ചിലതാണ്.

കൃഷ്ണ യജുർവേദത്തിലെ തൈത്തിരീയ സംഹിതയിലെ ശ്രീരുദ്രത്തിൽ ആണ് ശിവന്റെ പഞ്ചാക്ഷര മന്ത്രം അടങ്ങിയിരിക്കുന്നത്, ആയതിനാൽ രുദ്രാഭിഷേകം വിശിഷ്ടം ആകുന്നു, 121 തവണ ജപിക്കുന്നത് ഏകാദശ രുദ്രവും, 1331 തവണ (11 പേര് 11  പ്രാവശ്യം ജപിക്കുന്നത്) മഹാരുദ്രവും
14641 തവണ (121 പേര് 11 പ്രാവശ്യം വീതം 11 ദിവസം ജപിക്കുന്നത്) അതിരുദ്രം എന്നും അറിയപ്പെടുന്നു.

മൃത്യുഞ്ജയം 
മഹാമൃത്യുഞ്ജയം ആയു:സൂക്തം എന്നിവയെല്ലാം തന്നെ മഹാദേവനെ ഉപാസിക്കുവാനുള്ള മന്ത്രങ്ങൾ ആകുന്നു.

ദിനം 5പൂജ ശീവേലി നവകം പഞ്ചഗവ്യം കൊടിമരം ഗർഭഗൃഹം മണ്ഡപം ഗോപുരം  തുടങ്ങി എല്ലാ അംഗങ്ങളും ഒത്തു വരുന്ന ക്ഷേത്രങ്ങളെ മഹാക്ഷേത്രങ്ങൾ എന്ന് പറയുന്നു.
ബ്രാഹ്മമുഹൂർത്തത്തിൽ ശംഖനാദത്തോടും വാദ്യഘോഷത്തോടും കൂടി ദേവനെ പള്ളിയുണർത്തി, മേൽശാന്തി അല്ലെങ്കിൽ ശാന്തിക്കാർ പ്രാതഃ സന്ധ്യാവന്ദനാദി കഴിച്ച് കാൽ കഴുകി ആചമിച് തളിച്ച് നടയിൽ വന്ന് അഭിവാദ്യം ചെയ്ത് മണിയടിച്ചു നടതുറന്ന് നിർമാല്യം മാറ്റി (നല്ലെണ്ണ)എണ്ണയാടി ഇഞ്ച വാകപ്പൊടി എന്നിവ കൊണ്ട് ദേവനെ തേച്ചു കുളിപ്പിച്ച് തോർത്തി വസ്ത്രം ഉടുപ്പിച്ചു മാലചാർത്തി മലർനിവേദ്യം കഴിച്ചു- ഉഷപൂജ - എതിർത്ത് പൂജ - ശീവേലി. വിളക്ക് വച്ച് മണിയടിച്ചു പാണികൊട്ടിയാൽ മേൽശാന്തി ദേവന്റെ പാർഷദന്മാർ, ദ്വാസ്ഥർ, പരിവാരങ്ങൾ, ധ്വജപാലകർ എന്നിവർക്ക് ബലിതൂകുന്ന ചടങ്ങാണ് ശീവേലി. പിന്നീട് നടക്കുന്ന പൂജയാണ് പന്തീരടി പൂജ, അതിന് ശേഷം മണ്ഡപത്തിലോ വലിയമ്പലത്തിലോ പഞ്ചഗവ്യവും നവകവും പൂജിക്കുന്നു. ഉച്ചപൂജയുടെ സ്നാനകാലത്തു നവകവും പഞ്ചവ്യവും ആടുന്നു, പൂജപൂർത്തിയാക്കി ഉച്ച  ശീവേലി, അത് കഴിഞ്ഞാൽ മണിയടിച്ചു നടയടച്ചു അന്നത്തെ പൂജാദികൾ എല്ലാം സമർപ്പിക്കപ്പെടുന്നു.
വൈകിട്ട് നടതുറന്നു സന്ധ്യക്ക് ദീപാരാധന, അത്താഴപൂജ ശീവേലി. അങ്ങനെ ഒരു ദിവസത്തെ പൂജ സമർപ്പിക്കുന്നു.
അങ്ങനെ സംഹാര മൂർത്തിയായ മഹാദേവനെ ആരാധിച്ചുവരുന്നു.

മഹാദേവായ ഇദം ന മമ:

Comments

Popular posts from this blog

ഉറക്കം

പ്രേമസഗീതം