പ്രേമസഗീതം
പ്രേമസംഗീതം - ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍ I ഒരൊറ്റമതമുണ്ടുലകിന്നുയിരാം പ്രേമ,മതൊന്നല്ലോ പരക്കെ നമ്മെ പാലമൃതൂട്ടും പാർവണശശിബിംബം. ഭക്ത്യനുരാഗദയാദിവപുസ്സപ്പരാത്മചൈതന്യം പലമട്ടേന്തിപ്പാരിതിനെങ്ങും പ്രകാശമരുളുന്നു അതിന്നൊരരിയാം നാസ്തിക്യംതാൻ ദ്വേഷം;ലോകത്തി- ന്നഹോ! തമസ്സാമതിലടിപെട്ടാലകാലമൃത്യു ഫലം മാരണദേവതയാമതു മാറ്റും മണവറ പട്ടടയായ് മടുമലർവാടിക മരുപ്പറമ്പായ്, വാനം നാരകമായ് II പദങ്ങളന്വയമാർന്നേ വാക്യം ഭവിപ്പൂ സാർത്ഥകമായ് ശ്രുതിയും താളവുമൊത്തേ ഗാനം ശ്രോത്രസുഖം നൽകൂ പരാർദ്ധസംഖ്യം പരമാണുഗണം പരസ്പരം ചേരും ശരീരമുടയോന്നല്ലീ സകലം ചരാചരഗ്രാമം? പരാനപേക്ഷം പ്രാണിക്കമരാൻ പഴുതില്ലൊരിടത്തും പരൻ പുമാനും പ്രകൃതിസഹായൻ പ്രപഞ്ചഘടനത്തിൽ പേർത്തും തമ്മിൽ പൃഥ്യപ്തേജോവായ്‌വാകാശങ്ങൾ പിണയ്പ്പു മേന്മേൽ സൃഷ്ടിയിലീശൻ; പിരിപ്പു സംഹൃതിയിൽ വിരിഞ്ഞുനിൽപ്പൊരു സുമമളിയെത്തൻ വിശിഷ്ടഗന്ധത്താൽ വിവിക്തവിരസം വീണ്ടും വീണ്ടും വിളിപ്പു സവിധത്തിൽ മധുവ്രതത്തിനു മടുമലർ വേണം മനം കുളിർപ്പിപ്പാൻ മലർന്നപൂവിനു വണ്ടും വേണം മന്നിതു വിണ്ണാക്കാൻ പ്രജകൾ ജഗത്തിൽ സുകൃതികൾ ജായാപതികൾ നടും ശുഭമാം പരസ്പരപ്രണയാമരതരുവിൻ ഫലപ്രകാണ്ഡങ്ങൾ ചൂടാൻ മലരും ഘനമായ്...