കിരാതവപുഷം വന്ദേ.
എല്ലാവർഷവും നടത്തിവരുന്ന വേട്ടേക്കരൻ പാട്ട് ആണ് പ്രധാന വഴിപാട് 2009 ചിങ്ങമാസത്തിലെ മകം നാളിൽ പരേതനായ അഷ്ടവൈദ്യൻനാരായണൻ മൂസിന്റെ പത്നി ദേവകി അന്തർജനത്തിന്റെ ശതാഭിഷേകത്തോടനുബന്ധിച്ച് നടത്തിയ യ പന്തീരായിരം വഴിപാട് ഈ ഇല്ലത്ത് നടന്ന മൂന്നാമത്തെ പന്തീരായിരം ആയിരുന്നു,അധ്യാപകനായിരുന്ന പരിയാരത്ത് രാമൻ നമ്പൂതിരിപ്പാട് ആയിരുന്നു വെളിച്ചപ്പാട് എന്നാൽ പ്രായാധിക്യം കാരണം അദ്ദേഹം ഒഴിഞ്ഞു നന്നെ ചെറുപ്പമായിരുന്ന കണ്ടമംഗലം മനോജ് നമ്പൂതിരി വെളിച്ചപ്പാട് ആയി വരുന്നത് ആ വർഷം മുതൽ ആയിരുന്നു.
2019 ചിങ്ങമാസത്തിൽ നാലാമത്തെ പന്തീരായിരം അതിന് കൂറ വലിച്ചിരിക്കുന്നു,
ചട്ടറ്റ ബാലുശ്ശേരി കോട്ടക്കൽ കുടികൊണ്ട
വേട്ടയ്ക്കൊരു മകനെ വീണ്ടും കൈതൊഴുന്നേൻ
മഹാദേവൻറെ പുത്രൻ എന്ന അർത്ഥത്തിലാണ് കിരാത സൂനു എന്നറിയപ്പെടുന്നത്. അർജ്ജുനന് പാശുപതാസ്ത്രം നൽകി വേട്ടക്കുള്ള ഭാവത്തിൽ ഉള്ളപ്പോൾ മഹാദേവനും പാർവതിദേവിക്കും ഉണ്ടായ പുത്രനാണ് വേട്ടേക്കരൻ എന്നാണ് ഐതിഹ്യം. നിലത്ത് വെക്കില്ലെന്ന് സത്യം ചെയ്തതിൻ പ്രകാരം അമ്പും വില്ലും ഇടതുകൈയിൽ ആക്കി വലതുകൈയ്യിൽ ചുരിക നൽകി അനുഗ്രഹിച്ചു; അങ്ങനെ ബാലുശ്ശേരി കോട്ടയിൽ ഭക്തരക്ഷാർത്ഥം കുടികൊണ്ടു എന്നാണ് പറയപ്പെടുന്നത്.
കളമെഴുത്ത് പാട്ട് -
വേട്ടേക്കരൻ റെ പ്രധാന വഴിപാട് കളമെഴുത്തുംപാട്ടും പന്തീരായിരം നാളികേരം ഉടക്കലും ആണ്. കിരാതമൂർത്തി എന്നാൽ പ്രാകൃത വേഷം ധരിച്ച വനവാസി എന്നാണ്. കയ്യിൽ ചുരിക, അംബും വില്ലും, മരവുരി മൃഗങ്ങളുടെ തോലുകളുമാണ് വസ്ത്രങ്ങൾ, ജഡാവൽക്കലധാരിയാണ്- തീക്ഷ്ണമായ കണ്ണുകൾ ശൗര്യമേറിയ ഭാവം.
വേട്ടേക്കരന്റെ കളമെഴുതുമ്പോൾ പ്രകൃതിയിൽ നിന്നും ലഭിക്കുന്ന നിറക്കൂട്ടുകൾ ചേർത്ത് അഞ്ച് നിറത്തിലുള്ള പൊടികളാണ് ഉപയോഗിക്കുന്നത്,- അവ - അരിപ്പൊടി, മഞ്ഞൾ പൊടി, കരിപ്പൊടി, വാകയില ഉണക്കി പൊടിച്ച പച്ചപ്പൊടി, മഞ്ഞളും ചുണ്ണാമ്പും കുഴച്ചുണ്ടാക്കിയ ചുവപ്പ്പൊടി എന്നിവയാണ്.
വേട്ടക്കൊരുമകൻ കളത്തിൽ വീര രൗദ്രഭാവം ആണെങ്കിലും ചുണ്ടിലെ പുഞ്ചിരി താൻ ആഗ്രഹിച്ച ചുരിക കിട്ടിയപ്പോൾ ഉണ്ടായ സന്തോഷ് ത്തിൻറെ ലാഞ്ചനയാണത്രെ. കളമെഴുത്തുപാട്ട് അനുഷ്ഠാനകലകളിൽ സൗന്ദര്യം കൊണ്ടും ഭക്തി ഭാവങ്ങൾ കൊണ്ടും മികച്ചു നിൽക്കുന്ന കലാരൂപമാണ്. നൂറ്റാണ്ടുകളായി കുറുപ്പന്മാരാണ് ഇത് അനുഷ്ഠിച്ച പോരുന്നത്. കല്ലാറ്റു കുറുപ്പന്മാർ മലബാറിലെ പ്രധാന കളമെഴുത്ത് പാട്ടുകാരാണ്. കളമെഴുത്ത് പാട്ടിനൊപ്പമുള്ള വായ്പ്പാട്ട് തികച്ചും കേരളീയമായ സംഗീത സമ്പ്രദായമാണ്.നൃത്ത-ഗീത വാദ്യങ്ങൾ ഇതിൽ ഒത്തിണങ്ങിയിരിക്കുന്നതുകൊണ്ട് കളമെഴുത്ത് പാട്ടിനെ തൗര്യത്രികം എന്ന് വിശേഷിപ്പിക്കാം
നർത്തകനായ കോമരത്തിന്/ വെളിച്ചപ്പാടിന് കളരി അഭ്യാസം വളരെ ആവശ്യമാണ്, കളപ്രദക്ഷിണം ചെയ്യുമ്പോൾ അടന്ത, ചമ്പ, പതികാലം ഏകതാളം എന്നിങ്ങനെ വിവിധ താളങ്ങളിൽ ചവിട്ടേണ്ടതിനാൽ വെളിച്ചപ്പാടിന് മെയ്യഭ്യാസം മാത്രം പോരാ- നല്ല താളനിശ്ചയം കൂടെ ഉണ്ടായിരിക്കണം.
അനുഷ്ഠാനകലയായതിനാൽ ദേഹശുദ്ധിയും, മനഃശുദ്ധിയും കൂടിയേ തീരു. രാവിലെ കുളിച്ചു ശുദ്ധാമായി മൂലമന്ത്രം 108 (൧൦൮) ഉരു ജപിച്ചു നമസ്ക്കരിക്കണം, പിന്നെ അതികഠിനമായ വ്രതം ആചരിക്കേണം. പന്തീരായിരം ആണെങ്കിൽ തലേന്ന് ഒരിക്കലും കൂടി ആണ്- ഗോതമ്പ്, ചാമരി,പാൽ പഴം എന്നിവയെ കഴിക്കാവൂ.
കളമെഴുത്തു പാട്ടിൽ ഉപയോഗിക്കുന്ന നിറങ്ങൾ,കുരുത്തോല, ഇളനീർ, പൂക്കുല, വെറ്റില, അടക്ക, ഉണക്കലരി, നാളികേരം, എന്നിവയെല്ലാം പ്രകൃതിയിൽ നിന്നും ലഭിക്കുന്ന വസ്തുക്കളാണ്, കളമെഴുത്തിനോളം പ്രധാനം തന്നെയാണ് കളംപാട്ടും,മുല്ലക്കൽ പാട്ടും.
പന്തീരായിരം നിശ്ചയിച്ചു കഴിഞ്ഞാൽ യജമാനൻ വെളിച്ചപ്പാടിനെ ഏൽപ്പിക്കുന്നു. 41 (൪൧) ദിവസത്തെ വ്രതം എടുത്ത് അദ്ദേഹം പങ്കെടുക്കുന്നു, പന്തീരായിരത്തിന് തലേന്ന് ചെറിയ ഒരു കളം പാട്ടും നടത്തുന്ന പതിവ് ഉണ്ട്.
കളമെഴുതേണ്ട സ്ഥലത്തു നാല് കാൽ നാട്ടി പന്തലിട്ട് അലങ്കരിക്കുന്നു. അലങ്കാരത്തിന് കുരുത്തോല, കാമുകിൻപൂക്കുല, ചെന്തെങ്ങിൻ കുല, കുലവാഴ, വെറ്റില, അടക്ക, ചക്ക, മാങ്ങ, ആലില, വാവിലെ, പൂമാല, ഇവയെല്ലാം സ്വീകരിക്കാറുണ്ട്. കുലവാഴകളും,അടക്കാക്കുലകളും, ചെന്തെങ്ങിൻ കുലകളും,പന്തൽ കാലുകളിലാണ് ഭംഗിയായി വച്ചുപിടിപ്പിക്കുന്നത്.ഈ അലങ്കരത്തിനു കാടിന്റെ സങ്കൽപം ആണുള്ളത്. പന്തലിനു മുകളിൽ വെള്ള വിരിക്കും, തൂണുകൾ വെള്ളത്തുണികൊണ്ട് പൊതിയും, മുകളിൽ വീരവാളി പട്ടു വിരിക്കുന്നതിനെ "കൂറയിടുക" എന്നാണ് പറയുന്നത്. ഇത് പാട്ടിന്റെ ആദ്യത്തെ ചടങ്ങാണ്. യജമാനന്റെ (പാട്ടുനടത്തുന്നയാൾ - തൃശൂർ തൈക്കാട്ട് മൂസ്) അനുമതിയോടെയാണ് കൂറയിടുന്നത്. കൂറയിടട്ടെ എന്ന് കുറുപ്പ് വിളിച്ചുചോദിക്കും- 'ഇടാം' എന്ന് ഗൃഹനാഥൻ സമ്മതം നൽകും- ഇത്രയേയുള്ളൂ ആ ചടങ്ങ്.
അതിനു ശേഷം ആ സ്ഥലത്തു ആചാര്യൻ (ക്ഷേത്ര-തന്ത്രി) വാളിൽ കിരാതമൂർത്തിയായ വേട്ടേക്കരനെ ആവാഹിച്ചു പൂജിച്ചു വാൾ ക്ഷേത്ര-ശ്രീകോവിലിൽ സൂക്ഷിക്കുന്നു. ശേഷമാണ് ഉച്ചപാട്ട് കുറുപ്പിന്റെ കാർമികത്വത്തിൽ നിർവഹിക്കുന്നു. ഉച്ചപ്പാട്ടിന്റെ കൊട്ട് കേട്ടാൽ രാത്രിയിൽ നായാട്ടിനു ജനങ്ങൾ വരണമെന്നാണ് സങ്കല്പം.
പന്തലിന്റെ ഉള്ളിലായി വേട്ടക്കൊരുമകന്റെ കളം പഞ്ചവർണ്ണപ്പൊടികൊണ്ട് വരക്കുന്നു. അഞ്ചു വർണ്ണങ്ങൾ ഉപയോഗിക്കുന്നതിലും താല്പര്യം ഉണ്ട്, ശരീരം പഞ്ചഭൂതാത്മകം ആണ്, പഞ്ചലോഹ പ്രതിഷ്ഠയും സ്മരണീയം.
സന്ധ്യക്ക് കേളികൊട്ട്, തായമ്പക, ദീപാരാധന എന്നിവക്ക് ശേഷം മുല്ലാക്കാലപാട്ട് ആണ്.ദേവൻ കാടിന്നു നടുവിലേക്ക് പോകുന്നു എന്നാണു സങ്കൽപം. അത്യാഡംബരത്തോടു കൂടിയാണ് നായാട്ടിനുള്ള യാത്ര അല്ലെങ്കിൽ എഴുന്നള്ളത്തു. ആചാര്യൻ മൂലസ്ഥാനത്തു ചെന്ന് ചുരികയിലും, വാളിലും പൂജ കഴിച്ചു (പഞ്ചോപചാര പൂജയിൽ മണി ഉപയോഗിക്കാതെ മുദ്രകാണിച്ചുള്ള പൂജയാണ് പതിവ്) വെളിച്ചപ്പാട് എഴുന്നള്ളിയാൽ തീർത്ഥം ഉണ്ടാക്കി നൽകി - ആദ്യം കട്ടിയുള്ള ചെത്തിപൂമാല അണിയാൻ നൽകുകയും, ശേഷം ചുരിക കൈതൊടാതെ നൽകി ചുരികയിന്മേൽ ഇടാൻ തുളസി മാലയും നൽകി പൂജ അവസാനിപ്പിച്ചു ദീപാരാധന നടത്തി വാളെടുത്തു വെളിച്ചപ്പാടിന് ശേഷം എഴുന്നള്ളി നിൽക്കും. മേളത്തിന്റെ അകമ്പടിയോടെ ആനയിച്ച വരുന്നു. മേളം അവസാനിപ്പിച്ചാൽ വലം തലയിൽ ചെറിയ നൃത്തം ശേഷം അകത്തേക്ക് വന്ന് നൃത്തത്തോടുകൂടി പ്രദക്ഷിണം വക്കുന്നു. താളാത്മകമായ ചുവടുവയ്പ്പും ചാട്ടവും എല്ലാം നൃത്തത്തിൽ കാണാം- ഈടും കൂറും ചവിട്ടുക എന്ന പ്രസിദ്ധ നൃത്തം ഈ അവസരത്തിലാണ്; ഈ നൃത്തത്തെ ഉദ്ദേശിച്ചാണ് പിന്നീട് വെളിച്ചപ്പാട് ക്ഷേത്രത്തിനകത്തു കടന്ന് കളപ്രദക്ഷിണം ചെയ്യുന്ന സന്ദർഭത്തിൽ കുറുപ്പ്-
ചാലേവളർന്ന പുലിപന്നി കൊല്ലുവാൻ
ചാടിവരുമ്പോൾ ചവിട്ട് ആകർപ്പവൻ
എന്ന് പാടി കേൾപ്പിക്കുന്നത്. വന്യമൃഗങ്ങളുമായുള്ള മത്സാരാമാണ് ഈ നൃത്തത്തിന്റെ സങ്കൽപം. ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ചാൽ പിന്നെ കളത്തിനു ചുറ്റും 7 (൭) പ്രദക്ഷിണമുണ്ട്. ഇതിൽ ആദ്യത്തേത് പതികാലത്തിലും, രണ്ടും മൂണും ഏകതാളത്തിലും നാല് അടന്തയിലും, അഞ്ച് ചമ്പ താളത്തിലും ചവിട്ടുന്നു.
കളപ്രദക്ഷിണം കഴിഞ്ഞാൽ പിന്നെയുമുണ്ട് പൂജ- ബാലുശ്ശേരിയിൽ പൂജ നിർവഹിക്കാനുള്ള അവകാശം പന്നിൻപ്പിള്ളി പട്ടേരിയ്ക്കാണ് (ഭിക്ഷയെടുത്തിരുന്ന കാലത്ത് ഒരിക്കൽ വേട്ടേക്കരൻ പട്ടേരിയുടെ ഇല്ലത്തു ചെന്നു, ഒരു ദരിദ്ര കുടുംബമായിരുന്നു അത്. എന്നാൽ ആ ഇല്ലക്കാർ അതിഥി സത്കാരം എന്ന മര്യാദ പാലിച്ചു. ഊണിന് പകരം ആ ഭിക്ഷുവിന് നല്ല പാല് കൊടുത്തു, വേട്ടക്കൊരുമകനു തൃപ്തിയായി. ആ സങ്കല്പത്തിലാണ് കളംപൂജയ്ക്ക് ശേഷം ഇന്നും ദേവന് പാൽ നിവേദിക്കുന്നത്. പാൽ നിവേദ്യം. അന്നുമുതൽ വേട്ടക്കൊരുമകന്റെ ഇഷ്ട വഴിപാടാണ്. കളംപൂജയ്ക്കുള്ള അവകാശം പന്നിൻപ്പിള്ളി പട്ടേരിക്ക് സിദ്ധിച്ചു)
അപ്പം പായസം, പാൽ, വെള്ളരി, ഇവയാണ് പൂജയ്ക്കുള്ള പ്രധാന നിവേദ്യങ്ങൾ. അത്താഴ പൂജയ്ക്ക് ശേഷമുള്ള കളംപാട്ട് വളരെ പ്രധാനമാണ്,ഇതിൽ വേട്ടക്കൊരുമകന്റെ പ്രതാപത്തെയാണ് പാടി കേൾപ്പിക്കുന്നത്. ഏതെല്ലാം പ്രദേശങ്ങൾ കടന്നാണ് വേട്ടക്കൊരുമകൻ ബാലുശേരിയിൽ എത്തിയത് എന്നും മറ്റും ഈ പാട്ടിൽ സൂചിപ്പിക്കുന്നത്, ഇത് കേൾക്കുന്നത് ഐശ്വര്യദായകമാണ്.
കുറുപ്പ് നടത്തുന്ന ശ്രീഭൂതബലിയാണ് പിന്നീട്, വേട്ടക്കൊരുമകന്റെ കൂടെ സഞ്ചരിക്കുന്ന ഭൂതഗണങ്ങൾക്ക് വേണ്ടിയുള്ള ബലിയാണിത്. അരി പൂവ് ധൂപം,ദീപം, തിരി, കാമുകിൻചോട്ട എന്നിവ ആവശ്യം ആണ്. ബലി കഴിഞ്ഞാൽ മാരാർ കൊട്ടി കേൾപ്പിക്കും, വേട്ടക്കൊരുമകനെ വിളിക്കുകയാണ്. അപ്പോൾ വെളിച്ചപ്പാട് ചുരികയും കൊണ്ട് കളത്തിൽ പ്രവേശിക്കും. കളത്തിലാട്ടാമെന്ന നൃത്തമാണിവിടെ. വെളിച്ചപ്പാടിന്റെ കയ്യിൽ കടുത്തിലയും ചുരികയും കാണാം.. വളഞ്ഞ വായോടുകൂടിയ മൂർച്ചയുള്ള വാളാണ് കടുത്തില, കളത്തിലാട്ടം കഴിഞ്ഞു വെളിച്ചപാട് ചുരിക കുറുപ്പിനെ ഏൽപ്പിക്കും. കടുത്തില പീഠത്തിൻമേൽ വെയ്ക്കും.
വെളിച്ചപാട് കുളികഴിഞ്ഞുവന്നു കുരുത്തോല വലിച്ചു കളത്തിന്റെ മുഖം മൂടുന്നു. കടുത്തില പീഠത്തിൽ നിന്നെടുത്തു കുറുപ്പിന്റെ കയ്യിൽനിന്നും ചുരിക വാങ്ങി കുരുത്തോല വെട്ടുന്നു. അവശേഷിക്കുന്ന ദുഷ്ടമൃഗങ്ങളെ കൊന്നൊടുക്കുന്നു എന്നാണ് ഇതിന്റെ സങ്കൽപം. കുരുത്തോല വെട്ടിക്കഴിഞ്ഞാൽ വീണ്ടും കടുത്തില പീഠത്തിൽ വച്ച്, പിന്നെ കളം മായ്ക്കൽ ചടങ്ങാണ്. പീഠം വലിച്ചു ഇരുന്നു- കുറുപ്പിന്റെ നാലു വരി പാട്ടുണ്ട് - വെളിച്ചപ്പാട് പീഠത്തോട് കൂടി കുറുപ്പിന് നേരെ തിരിഞ്ഞു, ശ്ലോകം കഴിഞ്ഞാൽ കൊട്ടോടുകൂടിയ നൃത്തം ആണ്. വീണ്ടും പീഠത്തിൽ ഇരിക്കുന്നു, അപ്പോളും കുറുപ്പ് നാലു വരി പാടണം അതിൽ - പീഠത്തിന്മേലോ മണിയറയിലോ എവിടെയാണെന്ന് നിശ്ചയമില്ലാത്ത തേജസ്സിനെ വർണ്ണിക്കുന്നു. പിന്നെയും നൃത്തമുണ്ട്, ശേഷം വെളിച്ചപ്പാട് ചുരിക പീഠത്തിൽ വച്ച് നാളികേരം എറിയാൻ പുറപ്പെടുന്നു.
പന്തീരായിരം നാളികേരം ഉടക്കൽ ;
വേട്ടേക്കരൻ പാട്ടിന്റെ പ്രധാന ചടങ്ങുകളിൽ ഒന്നാണ് ഇത്. പല സങ്കൽപ്പങ്ങൾ പറഞ്ഞു കേൾക്കുന്നു ഇതിനെപറ്റി- ഭഗവാന്റെ ദാഹം ശമിപ്പിക്കാൻ ആണെന്ന് ഒരുപക്ഷം. ഭക്തർ സമർപ്പിക്കുന്ന വഴിപാടാണ് ഇത്- ഏതൊരു അഭീഷ്ടവും ഇതിനാൽ സാധിക്കുമെന്നാണ് വിശ്വാസം.
നാളികേരം ഉണ്ടാക്കുന്നതിനു മുൻപ് പ്രദക്ഷിണം വച്ച് രണ്ടു നാളികേരം താന്ത്രിക്ക് എന്ന് സങ്കൽപ്പിച്ചു നടയ്ക്കൽ വക്കുന്നു. പിന്നീട ബ്രാഹ്മണർക്ക്, അവകാശികൾക്ക്, പാട്ടിൽ പങ്കെടുക്കുന്ന പരിചാരകർക്ക്, അങ്ങനെ എല്ലാവര്ക്കും നൽകി മൂന്ന് നാളികേരം ഇരിപ്പിടം ആക്കി, അതിന്മേൽ ഇരുന്നുകൊണ്ടാണ് നാളികേരം എറിയൽ. താളത്തിനനുസരിച്ചു അകമ്പടിയായി കോട്ടിനനുസരിച്ചു നാളികേരം എറിഞ്ഞു പൊട്ടിയ്ക്കും, ഒരെണ്ണം പോലും പൊട്ടാതെയിരിക്കില്ല. ഉഗ്രപ്രതാപിയായ വേട്ടേക്കരനെ മനസ്സിൽ ധ്യാനിച്ച് കൊണ്ടാണ് നാളികേരം ഉടയ്ക്കൽ. ആദ്യത്തെ പാട്ടിൽ 1008 എണ്ണം ഉടയ്ക്കുമ്പോൾ പന്തീരായിരത്തിനു 12008 അതിൽ കൂടുതലോ കാണും. മൂന്ന് മണിക്കൂറിനുള്ളിൽ എറിഞ്ഞുടയ്ക്കും.
ചടങ്ങു കഴിഞ്ഞാൽ തിരികെ വന്ന് വെളിച്ചപ്പാട് പീഠത്തിന്മേൽ ചുരിക വച്ച് കടുത്തില എടുത്തു പീഠത്തോട് കൂടി മുന്നോട്ട് നീങ്ങി, കുറുപ്പിന്റെ ഭാഗത്തു നീങ്ങി എല്ലാവരെയും അനുഗ്രഹിക്കുന്നു.ശേഷം ഉടമസ്ഥനോട് കൽപ്പന' പറയുന്നു- ഉറഞ്ഞുതുള്ളി അവ്യക്തമായ സ്വരത്തിൽ ആയിരിക്കും കല്പന. പാട്ടുനടത്തിയതിലുള്ള സന്തുഷ്ടി, വല്ലപോരായ്മകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന്മേലുള്ള പരാമർശവും, നിർദ്ദേശങ്ങളും, ഭക്തന്മാരോടുള്ള ദയാവാത്സല്യവും, അവരുടെ സംരക്ഷണത്തിൽ താൻ എപ്പോഴും ജാഗരൂകനായിരുന്നുകൊള്ളാം എന്ന വാഗ്ദാനവും, ഗൃഹനായകന്റെ കുടുംബത്തോടുള്ള അനുഗ്രഹവും എല്ലാം അടങ്ങിയിട്ടുണ്ടാകും.
വെളിച്ചപ്പാട് ആയുധം പീഠത്തിന്മേൽ വച്ച് കുരുത്തോലകൊണ്ട് മൂടിയിരിക്കുന്നു മുഖത്തിൽ കടുത്തില തൊടുവിച്ചു കുറെ ഭാഗം നീക്കി അതിലുള്ള കളംപൊടി ഭക്തർക്ക് പ്രസാദം ആയി നൽകുന്നു. അത് തൊടുന്നത് ഐശ്വര്യദായകമാണ്. കടുത്തില കൊണ്ട് മുഖം തൊട്ടുകഴിഞ്ഞാൽ തേജസ്സ് തന്നിലേക്ക് ലയിച്ചു എന്നാണ് സങ്കൽപം. ശേഷം നടയുടെ മുന്നിൽ ചെന്ന് ഭഗവാനെ സാഷ്ടാഗം നമസ്ക്കരിക്കും.
ഒടുവിലത്തെ ചടങ്ങു കൂറ" വലിക്കൽ ആണ്, കൂറവലിക്കട്ടെ' എന്ന് മൂന്ന് പ്രാവശ്യം കുറുപ്പ് വിളിച്ചു ചോദിക്കും- ആവട്ടെ എന്ന് ഉടമസ്ഥൻ ഉത്തരം പറയും 'വേണ്ട' എന്ന് ആരെങ്കിലും പറഞ്ഞാൽ അടുത്ത പാട്ട് ആ പറഞ്ഞയാളിന്റെ ഭവനത്തിൽ ആയിരിക്കും എന്നാണു. അതോടെ പാട്ടിന്റെ എല്ലാ ചടങ്ങുകളും അവസാനിക്കുന്നു.
കാണാനും, കേൾക്കാനും, ആഹ്ലാദിക്കാനും ഇത്രമാത്രം വൈവിധ്യമാർന്ന അനുഷ്ഠാന കല കേരളത്തിൽ വേറെയുണ്ടെന്നു തോന്നുന്നില്ല. എല്ലാവരെയും ആസ്വദിപ്പിക്കുന്ന അതിവിശിഷ്ടമായ ശാസ്ത്രാനുസൃതമായ ആരാധനാകലയാണ് വേട്ടക്കൊരുമകൻ പാട്ട്.
ഇദം ന മമ
Comments