മുണ്ടോളി മഹാവിഷ്ണു നരസിംഹക്ഷേത്രം

കുട്ടനെല്ലൂർ ദേശത്തെ ചിരപുരാതനമായീട്ടുള്ള മുണ്ടോളി മഹാവിഷ്ണു ക്ഷേത്രം , താന്ത്രിക പൂജകളാലും  ആചാരാനുഷ്ഠാനങ്ങൾ കൊണ്ടും ഏറെ വിശേഷപ്പെട്ട അമ്പലമാണ് ..  കുട്ടനെല്ലൂർ ഗ്രൂപ്പ് ദേവസ്വത്തിൽ ഉൾപ്പെട്ടതാണ്  മുണ്ടോളി ... അതിന്റെ കാലഗണന നിശ്ചയിക്കാൻ പ്രയാസം തന്നെ ... വിഷ്ണു ചൈതന്യം കുടികൊള്ളുന്ന , ചതുർബാഹുവായുള്ള വിഗ്രഹം , വളരെ പഴക്കം ചെന്നതായാണ്  കാണുന്നത് ... ഉപനയനം കഴിഞ്ഞ  ഒരുണ്ണിയുടെ ഭാവമാണ് മുണ്ടോളി തേവർക്ക്... 

മുണ്ടൻ ഊളിയിട്ടു വന്ന സ്ഥലം  മുണ്ടോളിയെന്ന് പ്രസിദ്ധമായി ... മുണ്ടൻ  എന്നാൽ ബ്രഹ്മചാരി .. ഇപ്പോഴുള്ള തീർത്ഥക്കുളത്തിൽ പ്രത്യക്ഷപ്പെട്ടു എന്നാണ് ഐതിഹ്യം ... ഇരിങ്ങാലക്കുട കൂടൽമാണിക്യസ്വാമി തന്നെയാണെന്നാണ് പറയപ്പെടുന്നത് ... 

പണ്ട് പന്നിയൂർ ഗ്രാമത്തിൽ നിന്നും കുട്ടനെല്ലൂരിൽ കുടിയേറിപ്പാർത്ത ആറില്ലക്കാരായ  ( ആനാംപറമ്പ് , തത്തനാരി , ചെറുകുളം , മേലേടം , നടുവിൽ പഴേടം , കേശവം എന്നീ ഇല്ലക്കാർ ) നമ്പൂതിരിമാർക്ക്  ഉപാസനക്കും ഉടമസ്ഥാവകാശവും നൽകി , കുമരപുരം സ്വരൂപം ദാനം ചെയ്ത അമ്പലമാണ്  , കുട്ടനെല്ലൂർ ഭഗവതി ക്ഷേത്രം ... അവർക്ക് താമസിക്കാൻ വെവ്വേറെ ഗൃഹങ്ങളും  ഭൂസ്വത്തുക്കളും കുമരപുരം നൽകി .. ഈ ആറില്ലക്കാർ തന്നെയാണ് മുണ്ടോളി ക്ഷേത്രത്തിന്റേയും ഊരാളരും തന്ത്രിമാരും .. കുട്ടനെല്ലൂർ അമ്പലത്തിലെ തന്ത്രം  അണിമംഗലം ഇല്ലക്കാർക്കാണ് ...

പണ്ടുകാലത്ത് ഈ ദിക്കിലെ  ഉപനയനം  കഴിഞ്ഞ  ഉണ്ണികൾക്ക് , അമ്പലത്തിൽ വച്ച് വേദപഠനം നടന്നിരുന്നു .. ഓതിക്ക്യന്മാരാണ് വേദം പഠിപ്പിച്ചിരുന്നത് .. അമേറ്റൂർ ഇല്ലക്കാർക്കാണ് ഈ ദിക്കിലെ ഓതിക്ക്യ സ്ഥാനം .. ഉണ്ണികളെ തേവർക്ക് വലിയ ഇഷ്ടമാണ് ... സമപ്രായക്കാരെന്ന ഭാവം .. അവരുടെ കൂട്ടത്തിൽ കൂടി രസിക്കും എന്നത്രേ കരുതുന്നത് ...

 ധാരാളം ഭൂസ്വത്തും മുണ്ടോളി ദേവസ്വത്തിന് ഉണ്ടായിരുന്നു .. അമ്പലത്തിന് കിഴക്കു ഭാഗത്ത് കാണുന്ന വിശാലമായ പാടം മുഴുവൻ ഈ ക്ഷേത്രത്തിന്റേതായിരുന്നു .. അന്നദാന പ്രഭുവായ  ദേവന്  , എല്ലാ തിരുവോണത്തിനും  ഊട്ടും  , വാരവും ഭംഗിയായി നടന്നിരുന്നു ... വാരത്തിന് വരുന്നവർക്കുള്ള ദക്ഷിണ  അവണപ്പലകയിൽ വയ്ക്കാറേ പതിവുള്ളൂ ...  ദേവൻ  അവിടെ സന്നിഹിതനായി  അത് കേൾക്കുകയും , സന്തോഷപൂർവ്വം  ദക്ഷിണ നേരിട്ട് നൽകുകയും ചെയ്യുന്നതായാണ് സങ്കൽപ്പം ... 

മുണ്ടോളി തീർത്ഥക്കുളം , ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രക്കുളവുമായി ബന്ധമുണ്ടെന്നും  , ഈ  തീർത്ഥക്കുളത്തിലെ ജലം  ഭഗവാന് അഭിഷേകത്തിന് പ്രധാനമാണെന്നും കരുതുന്നു ..  അമ്പലത്തിന്റെ  കിഴക്കു ഭാഗത്തുള്ള  ഒറ്റക്കൽ ഗോപുരം  , വളരെ അപൂർവ്വമായ സവിശേഷതയാണ് .. 

മുണ്ടോളി ചുറ്റമ്പലത്തിൽ , പടിഞ്ഞാറോട്ടു ദർശനമായി ഭദ്രകാളി ഭഗവതിയുടെ ഒരു പ്രതിഷ്ഠയുണ്ട് .. ദാരിക നിഗ്രഹം ചെയ്ത് , കുടൽമാല ധരിച്ച , കൈയിൽ വാളും വട്ടകയും ശൂലവും ദാരിക തലയുമായി കുടികൊള്ളുന്ന , ശിവനേത്രത്തിൽ നിന്നും അവതാരം കൈകൊണ്ട ശകതിയായാണ് പ്രതിഷ്ഠ ..

ശ്രീകോവിലിന് തെക്കുഭാഗത്തെ ചുമരിൽ , തെക്കോട്ട് ദർശനമായി ഒരു ഗണപതി പ്രതിഷ്ഠയുണ്ട് ... തുമ്പിക്കരം , ഇടത്തേ കൈയിലെ മോദകത്തിലും , വലം കൈയ്യിൽ കൊമ്പും വരമുദ്രയും , ഇടം കൈയിൽ കയറും മോദകവുമായുള്ള  വാമമുഖിയായാണ് ഗണേശ പ്രതിഷ്ഠ ... ക്ഷിപ്രപ്രസാദിയായുള്ള ഗണപതിക്ക്  കറുക മാലയും , ചെറുനാരങ്ങ മാലയും  അപ്പവും പ്രധാനമാണ് .. വിഘ്നേശ്വര പ്രീതിക്കായി  ഗണപതി ഹോമവും നടത്താം ...

ഊരാളന്മാരിൽ ഒരില്ലക്കാരായ  തത്തനാരി ഇല്ലത്തെ ഒരു സ്വാമിയാരെ  , മുണ്ടോളി മതിൽക്കകത്ത് സമാധിയിരുത്തിയീട്ടുണ്ട് ..  ആ സ്ഥലത്ത്  നിത്യവും വിളക്കു കൊളുത്തുകയും വർഷത്തിലൊരിക്കൽ യോഗീശ്വര പൂജയും നടക്കുന്നുണ്ട് ...

പണ്ട് കുംഭമാസത്തിലാണ് ഉത്സവം നടന്നിരുന്നത് .. താന്ത്രീക വിധിപ്രകാരം എട്ടു ദിവസത്തെ ഉത്സവം ഉണ്ടായിരുന്നു .. ഉണ്ണികളോട് തേവർക്കുള്ള താൽപ്പര്യം മൂലം  , " നേരമ്പോക്കുത്സവം " എന്ന കുട്ടികളുടെ ഒരുത്സവ പരിപാടിയും ഈ അമ്പലത്തിൽ അരങ്ങേറിയിരുന്നു .. വളരെ രസകരമായ ഒരാഘോഷം .. ഒരു'  ഉണ്ണിക്കൊടിമരം ' പ്രദക്ഷിണ വഴിക്ക് പുറത്ത്  നാട്ടുകയും കുട്ടികളുടേതായ ഉത്സവം നടത്തേം ചെയ്യും ..  തേവരും ആ കൂട്ടത്തിൽ കൂടുമത്രേ ... ആ  കൊടിമരം അറിയാതെയാണെങ്കിൽ പോലും ആരെങ്കിലും തൊട്ടാൽ  അവരെ കുട്ടികൾ അടിക്കുമായിരുന്നു .. അവര് പിന്നെ ത്രാതേടത്തമ്പലത്തിൽ  അഭയം തേടും ... 

" ആചാര്യതപസാമ്നായ --
  ജപേന നിയമേന ച
  ഉത്സവേനാന്നദാനേന
  ക്ഷേത്രവൃദ്ധിസ്തു പഞ്ചധാ "   എന്നാണല്ലോ ...

അതായത്  ആചാര്യന്റെ തപസ്സ്  , വേദ ജപം , ആചാരാനുഷ്ഠാന നിയമങ്ങൾ , ഉത്സവം , അന്നദാനം  എന്നീ അഞ്ചു കാര്യങ്ങൾ പരിപാലിക്കപ്പെടുമ്പോഴാണ്  ഒരു ക്ഷേത്രത്തിന്  അഭിവൃദ്ധിയുണ്ടാവുക ..  ഇതിനൊക്കെ പ്രാപ്തിയുള്ള ആചാര്യന്മാരെയാണ്  പണ്ട് ഭരണം ഏൽപ്പിച്ചിരുന്നത് .. വേദാധികാരവും , യാഗാധികാരവും , താന്ത്രീകാധികാരവുമുള്ള ഉത്തമന്മാരെയാണ്  നിയോഗിക്കുക .. അവരുടെ നേതൃത്വത്തിൽ ഭൂപരിഷ്കരണം വരുന്നതു വരെ ഉത്സവവും  തിരുവോണ ഊട്ടും വാരവുമെല്ലാം ഭംഗിയായി നടന്നു പോന്നു ...

ഭൂപരിഷ്കരണ നിയമം വന്നതോടെ , ക്ഷേത്ര നിത്യ നിദാന ചടങ്ങുകൾ ഒഴികെ , മറ്റെല്ലാ കാര്യങ്ങളും മുടങ്ങിയ സാഹചര്യത്തിൽ , നാട്ടുകാരുടെ ഒരു കമ്മിറ്റി രൂപീകരിക്കുകയും  ക്ഷേത്രാഭിവൃദ്ധിക്കുവേണ്ടി അക്ഷീണം പ്രയത്നിക്കുകയും ചെയ്തു ..
ഇപ്പോൾ ഒരുവിധം ഭംഗിയായി , പഴയ ആചാരങ്ങൾ അനുവർത്തിച്ചു പോരുന്നുണ്ട് ...2012 ൽ നവീകരണ കലശം വളരെ ഭംഗിയായി നടന്നു .. മീനമാസത്തിലെ അശ്വതി നാളിലാണ് പ്രതിഷ്ഠ നടന്നത് ...

ഇപ്പോൾ വൃശ്ചിക മാസത്തിലെ അശ്വതി നാളിൽ ആറാട്ടോടുകൂടിയ ഉത്സവം ഭംഗിയായി ആഘോഷിക്കുന്നു .. ഒരു ദിവസം ഉത്സവബലിയും , പള്ളിവേട്ടയും , തീർത്ഥക്കുളത്തിൽ ആറാട്ടും ഉണ്ട് .. എല്ലാ തിരുവോണത്തിനും ഊട്ടും വാരവും നടക്കുന്നുണ്ട് .. മുപ്പെട്ട് വ്യാഴാഴ്ചയും  പ്രധാനമാണ് ... നെയ് വിളക്കും , മാലയും ,ഒരു കുടം പാൽപായസവും , തിരുവോണ ഊട്ടും പ്രധാന വഴിപാടുകളാണ് ...

മുണ്ടോളി മതിൽക്കകത്തു തന്നെ , നരസിംഹമൂർത്തിയുടെ ഒരു പ്രതിഷ്ഠയും ഉണ്ട് .. ഊരാളന്മാരിൽ ഒരില്ലക്കാരായ  നടുവിൽ പഴേടത്ത്  , സന്തതി ഇല്ലാതെ വന്നപ്പോൾ  പ്രശ്നവശാൽ ഇരിങ്ങാലക്കുടയിലെ  മാപ്രാണത്തു നിന്നും  ( ഒരു കിണറ്റിൽ നിന്നും കണ്ടെത്തിയ വിഗ്രഹം ) കൊണ്ടുവന്ന്  പ്രതിഷ്ഠിച്ചതാണ്  " ത്രാതേടത്തപ്പൻ " എന്ന നരസിംഹമൂർത്തി സ്വാമിയെ ... പണ്ട് പടിഞ്ഞാറു മാറി  പടിഞ്ഞാട്ടു ദർശനമായീട്ടാണ്  പ്രതിഷ്ഠ ഉണ്ടായിരുന്നത് ..  പിന്നീടാണ് മുണ്ടോളി മതിൽക്കകത്ത്  തെക്കുഭാഗത്തായി  ചുറ്റമ്പലത്തോടു കൂടിയ വട്ടശ്രീകോവിലിൽ  കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠ നടത്തിയത് .. ഈ അമ്പലത്തിൽ  2014 ൽ നവീകരണ കലശം ഭംഗിയായി  നടക്കുകയുണ്ടായി .. മിഥുന മാസത്തിലെ പൂയം നാളിലാണ് പ്രതിഷ്ഠ നടന്നത് ...  മുപ്പെട്ട് വ്യാഴാഴ്ചയും തിരുവോണവും  സന്താന മൂർത്തിയായ ഈ പ്രഹ്ളാദപ്രിയനെ സേവിക്കുന്നത്  ശ്രേയസ്ക്കരമാണ് ....ത്രാതേടത്തപ്പന് പിഴിഞ്ഞു പായസം , അപ്പം ,അട എന്നിവയാണ് പ്രധാന വഴിപാടുകൾ ..

🙏🙏🙏

Comments

Popular posts from this blog

തസ്ക്കരാണാംപതയെ നമഃ

ഉറക്കം

പ്രേമസഗീതം